പിന്നിട്ടവഴികളിലൊരാൾ
പിന്നിട്ടവഴികളിലൊരാൾ
ഒരാൾ
പിന്നിട്ട വഴികളിൽ എവിടെയോ ഭ്രാന്ത് സമ്മാനിച്ചവൻ, വസന്തം തന്നവൻ.
ഒരാൾ
പിന്നിട്ട വഴികളിൽ എവിടെയോ
വാരിപ്പുണർന്നവൻ, തോൾ തന്നവൻ.
ഒരാൾ
പിന്നിട്ട വഴികളിൽ എവിടെയോ എന്നിൽ നിന്നവൻ, ഞാനായ് മാറിയവൻ.
അത് ഞാൻ തന്നെയോ ?
ആവാം.
അന്നോ?!
പിന്നിട്ട വഴികളിൽ നാം:
കാണാതെ കണ്ട്, പറയാതെ പറഞ്ഞ് എത്രയോ നിമിഷങ്ങൾ.
മാറാതെയും, മാറ്റാതെയും പോയ എത്രയോ ദിനങ്ങൾ.
പിന്നിട്ട വഴികളിൽ ഞാൻ:
അകറ്റിയും, വെറുപ്പിച്ചും മടുപ്പിച്ച എത്രയോ നിമിഷങ്ങൾ.
വഴക്കിട്ടും, കുറ്റപ്പെടുത്തിയും കളഞ്ഞ എത്രയോ ദിനങ്ങൾ.
പിന്നിട്ട വഴികളിൽ നീ:
അടുപ്പിച്ചും, സ്നേഹിച്ചും തഴമ്പിച്ച എത്രയോ നിമിഷങ്ങൾ.
പൊരുതിയും, വേദനിച്ചും കരഞ്ഞ എത്രയോ ദിനങ്ങൾ.
ഇന്നോ?!
അപരിചിതർ. സ്വാഭാവികതയിൽ
ഒരു പ്രണയക്കാലം വാടി കരിഞ്ഞവർ.
എവിടെയോ ഒരു ഇല തളിർക്കുന്നുണ്ടോ?
അതിൽ ഒരു മൊട്ട് വിരിഞ്ഞെന്നോ ?
അസ്വാഭാവികം.
ആ ഇല തളിർത്ത്, മൊട്ടിട്ട്, പൂവായി വിടർന്നാലും ഇനി അതിൽ വസന്തമില്ലായ്മകൾ പൂക്കും. പടർന്ന് പന്തലിക്കും.
എന്തെന്നോ?!
നാം ഇല്ലല്ലൊയിന്ന് ...
എങ്കിലും
നീ എന്നിലും
ഞാൻ നിന്നിലും
പൂക്കുമല്ലോ.
അതിലെങ്കിലും ഒരു വസന്തം തളിർക്കുമോ?!
നീഷ്മ അനിൽ