ആഭാ- A College Love Story- 2

ആഭാ- A College Love Story- 2

കാന്റീനിലെ ചൂടുള്ള ചായയും പരിപ്പുവടയും മുന്നിലിരിക്കുമ്പോഴും ആഭയുടെ ശ്രദ്ധ മുഴുവൻ ആ കറുത്ത പുതിയ കുടയിലായിരുന്നു. കാവ്യ ഓരോന്ന് ചോദിക്കുന്നുണ്ടെങ്കിലും ആഭയുടെ മനസ്സ് ആ മാന്ത്രിക കണ്ണുകളിൽ തന്നെയായിരുന്നു കുടുങ്ങിക്കിടന്നത്.


"ഡീ... ഞാൻ നിന്നോടാ ചോദിക്കുന്നേ! ഏതാ ആ റോമിയോ?" കാവ്യ ചായയിൽ സ്പൂണിട്ട് ഇളക്കിക്കൊണ്ട് വീണ്ടും ചോദിച്ചു.


"സത്യമായിട്ടും എനിക്കറിയില്ല കാവ്യാ... രാവിലെ ബസ്സിൽ വെച്ചാ ഞാൻ ആദ്യമായിട്ട് കാണുന്നത്. പിന്നെ ദാ ഇപ്പോഴും," ആഭ കുടയിലേക്ക് നോക്കി പതുക്കെ പറഞ്ഞു.


"എന്തായാലും കക്ഷി ആളൊരു കെയറിങ് ടൈപ്പാണെന്ന് തോന്നുന്നു. ഒരു മടിയും കൂടാതെ കുടയും തന്നിട്ട് പോയത് കണ്ടില്ലേ? ഇനിയിപ്പോ ഈ കുട തിരിച്ചു കൊടുക്കാൻ വേണ്ടിയെങ്കിലും നിനക്ക് അയാളെ കാണേണ്ടി വരും. അതൊരു നല്ല തന്ത്രമാ!" കാവ്യ കണ്ണ് ചിമ്മി ചിരിച്ചു.


ആഭ ഒന്നും മിണ്ടിയില്ലെങ്കിലും അവളുടെ ഉള്ളിലും ആ ചിന്ത ഉണ്ടായിരുന്നു. അവനെ വീണ്ടും എവിടെ വെച്ച് കാണും? എങ്ങനെ ഈ കുട തിരിച്ചു കൊടുക്കും?


അടുത്ത രണ്ട് ദിവസങ്ങളിൽ ആഭ ബസ്സിലും കോളേജ് ക്യാമ്പസിലും ആ കണ്ണുകളെ തിരഞ്ഞു നടന്നുവെങ്കിലും അവനെ എവിടെയും കണ്ടില്ല. ക്ലാസിലിരിക്കുമ്പോൾ ജനലിലൂടെ പുറത്തേക്ക് നോക്കുമ്പോഴും അവളുടെ മനസ്സ് അറിയാതെ ആ മുഖം തിരയുകയായിരുന്നു.


മൂന്നാം ദിവസം വൈകുന്നേരം കോളേജ് വിട്ടപ്പോൾ ആകാശം വീണ്ടും കറുത്തു ഇരുണ്ടു. ശക്തമായ മഴ പെയ്യാൻ തുടങ്ങി. ആഭ ബാഗിൽ നിന്നും അവൻ തന്ന ആ കറുത്ത കുട പുറത്തെടുത്തു നിവർത്തി. ആ കുടയ്ക്കുള്ളിൽ നിൽക്കുമ്പോൾ അവൾക്ക് ഒരു പ്രത്യേക സുരക്ഷിതത്വം തോന്നുന്നതായി അവൾക്ക് തോന്നി.


ബസ് സ്റ്റോപ്പിലേക്ക് നടക്കാൻ തുടങ്ങിയപ്പോഴാണ് കോളേജ് ലൈബ്രറിയുടെ വരാന്തയിൽ മഴ നനയാതിരിക്കാൻ ഒതുങ്ങി നിൽക്കുന്ന അവനെ അവൾ കണ്ടത്! അവൻ കയ്യിലൊരു പുസ്തകവും പിടിച്ച് മഴയിലേക്ക് നോക്കി നിൽക്കുകയാണ്. കൂടെ സുഹൃത്തുക്കളാരും ഇല്ലായിരുന്നു.


ആഭയുടെ ഹൃദയം വേഗത്തിൽ മിടിക്കാൻ തുടങ്ങി. ഇതാണ് അവസരം. അവൾ പതുക്കെ അവനടുത്തേക്ക് നടന്നു ചെന്നു.


അവളുടെ നിഴൽ കണ്ടിട്ടാകണം അവൻ തിരിഞ്ഞു നോക്കി. അവളെ കണ്ടതും ആ മാന്ത്രിക കണ്ണുകളിൽ ഒരു ആശ്ചര്യം വിരിഞ്ഞു, ഒപ്പം ആ പഴയ ചിരിയും.


"ഹായ്..." ആഭ പതുക്കെ വിളിച്ചു.


"ഹായ്... എന്താ മഴ നനയാതെ രക്ഷപെട്ടോ?" അവൻ ചോദിച്ചു.


"ആഹ്... ഈ കുട ഉള്ളതോണ്ട് രക്ഷപെട്ടു. താങ്ക്സ് കേട്ടോ," ആഭ കുട പതുക്കെ മടക്കി അവന് നേരെ നീട്ടി.

 "ഇത് തിരിച്ചു തരാൻ വേണ്ടി ഞാൻ കഴിഞ്ഞ രണ്ടു ദിവസമായി നോക്കുന്നു."


അവൻ ആ കുട വാങ്ങിയില്ല. പകരം അവളെ നോക്കി വീണ്ടും പുഞ്ചിരിച്ചു. "ഇപ്പോൾ കനത്ത മഴയല്ലേ, നീ ഇത് ഉപയോഗിച്ച് വീട്ടിൽ പൊയ്ക്കോ. നാളെ തന്നാൽ മതി."


"അപ്പൊ നിങ്ങളോ? നിങ്ങൾ എങ്ങനെ പോകും?" ആഭ ചോദിച്ചു.


"ഞാൻ കോളേജ് ഹോസ്റ്റലിലാ. ഈ ലൈബ്രറിയുടെ തൊട്ടുപിന്നിലാണ്. എനിക്ക് മഴ നനഞ്ഞ് പോകാൻ വലിയ ദൂരമില്ല," അവൻ പറഞ്ഞു.


"അത് ശരി... അപ്പൊ സീനിയർ ആണല്ലേ? പേര് പറഞ്ഞില്ല?" ആഭ ധൈര്യം സംഭരിച്ച് ചോദിച്ചു.


"ഞാൻ സിദ്ധാർത്ഥ്. ഫൈനൽ ഇയർ ഇംഗ്ലീഷ് ലിറ്ററേച്ചർ. ആഭയെ എനിക്ക് നേരത്തെ അറിയാം. കോളേജ് മാഗസിനിൽ വന്ന നിന്റെ കവിത ഞാൻ വായിച്ചിട്ടുണ്ട്. അന്ന് മുതലേ... അതായത്, ആ കവിത എഴുതിയ ആളെ ഒന്ന് കാണണം എന്ന് വിചാരിച്ചിരിക്കുവായിരുന്നു. രാവിലെ ബസ്സിൽ വെച്ച് യാദൃച്ഛികമായി കണ്ടപ്പോൾ നോക്കി നിന്നുപോയത് അതുകൊണ്ടാ..." സിദ്ധാർത്ഥ് വളരെ പക്വതയോടെ പറഞ്ഞു നിർത്തി.


അവന്റെ വാക്കുകൾ കേട്ടപ്പോൾ ആഭയുടെ മുഖത്ത് ഒരു ചുവപ്പ് പടർന്നു. താൻ എഴുതിയ കവിതകൾ ആരെങ്കിലും ശ്രദ്ധിക്കുമെന്ന് അവൾ കരുതിയിരുന്നില്ല, അതും ഈ മാന്ത്രിക കണ്ണുകളുള്ള ആൾ!


"അയ്യോ... അപ്പൊ ബസ്സിൽ വെച്ച് ഞാൻ വിചാരിച്ചത്..." ആഭ നാണത്തോടെ തല താഴ്ത്തി.


"നീ വിചാരിച്ചതൊന്നും തെറ്റല്ല..." സിദ്ധാർത്ഥ് അവളുടെ കണ്ണുകളിലേക്ക് നോക്കി പതുക്കെ പറഞ്ഞു. ആ വാക്കുകളിൽ ഒളിച്ചുവെച്ച ഒരു പ്രണയത്തിന്റെ ആഴമുണ്ടായിരുന്നു.


പെട്ടെന്ന് ആഭയുടെ ബസ്സ് ഹോൺ മുഴക്കിക്കൊണ്ട് സ്റ്റോപ്പിലേക്ക് വന്നു നിന്നു.


"ദാ... നിന്റെ ബസ്സ് വന്നു. വേഗം പൊയ്ക്കോ, മഴ കൂടുന്നുണ്ട്," സിദ്ധാർത്ഥ് പറഞ്ഞു.
"ഉം... നാളെ ഞാൻ ഈ കുട കൃത്യമായി കൊണ്ട് തരാം, സിദ്ധാർത്ഥ്," അവൾ യാത്ര പറഞ്ഞു തിരിഞ്ഞു നടന്നു.


"സിദ്ധാർത്ഥ് എന്ന് വേണ്ട... സിദ്ധു എന്ന് വിളിച്ചോളൂ," പുറകിൽ നിന്നും അവന്റെ ശബ്ദം കേട്ടു.


ആഭ തിരിഞ്ഞു നോക്കി ഒന്നു പുഞ്ചിരിച്ചു കൊണ്ട് ബസ്സിലേക്ക് ഓടിക്കയറി. സീറ്റിലിരുന്ന് ജനലിലൂടെ നോക്കുമ്പോൾ വരാന്തയിൽ നിന്ന് കൈവീശുന്ന സിദ്ധുവിനെ അവൾ കണ്ടു.


പുറത്ത് ചാറ്റൽമഴ പെയ്യുന്നുണ്ടായിരുന്നു. എന്നാൽ ആഭയുടെ മനസ്സിൽ ഇപ്പോൾ പെയ്യുന്നത് പ്രണയത്തിന്റെ ആദ്യത്തെ വേനൽമഴയായിരുന്നു!

 

©നീഷ്മ അനിൽ പി