ആഭാ- A College Love Story- 3

ആഭാ- A College Love Story- 3

 

അന്ന് രാത്രി മഴ നനഞ്ഞ് തണുത്ത അന്തരീക്ഷം പോലെ മനസ്സും തണുക്കുന്നപ്പോലെ അവൾക്ക് തോന്നി.

പിടികിട്ടാത്ത ഒത്തിരി ചോദ്യങ്ങൾ അവളിൽ നിറഞ്ഞു.
എല്ലാത്തിനും ഉത്തരമെന്നോണം ആ മാന്ത്രിക കണ്ണുകൾ തെളിഞ്ഞു വന്നു.

തൻ്റെ കവിതകളോട് അവൾക്ക് ആദ്യമായി മതിപ്പ് തോന്നി.

"സിദ്ധൂ" അവൾ ഒരു തലയിണ മാറോട് ചേർത്ത് വിളിച്ചു. ഒരു ചെറുനാണത്തോടെ അവൾ പുഞ്ചിരിച്ചു.

പിറ്റേന്ന് ക്ലാസ്സിൽ എത്തിയപ്പോൾ മുതൽ  അവൾ Break ന് വേണ്ടി കാത്തിരിക്കുകയായിരുന്നു.
ബെൽ സൗണ്ട് കേട്ടതും അവൾ കിട്ടിയ പുസ്‌തങ്ങൾ എല്ലാം വാരിയെടുത്തു ബാഗിലിട്ടു.

കാവ്യാ, ഞാൻ ഇപ്പോ വരാം.

എങ്ങോട്ടാ ഇത്ര ധൃതിയിൽ ?!

വല്ലാത്ത തലവേദന.  ഒരു ചായ കുടിക്കണം.

ഞാനും ഉണ്ട് ആഭാ. Please Wait a moment.

ആഭയ്ക്ക് ഉള്ളിൽ ഒരു ചമ്മൽ തോന്നി.

ഡി,  അവിടല്ലേ കാൻ്റീൻ ?

ആഭ കാവ്യയെ വകവെക്കാതെ അവളുടെ കൈയും പിടിച്ച് ഫൈനൽ ഇയർ ഇംഗ്ലീഷ് ലിറ്ററേച്ചർ ഡിപ്പാർട്ട്മെൻ്റിനെ ലക്ഷ്യമാക്കി നടന്നു.

ക്ലാസ്സിലേക്ക് അടുക്കുംതോറും ദൂരെ നിന്നും ഒരു മുഖം തന്നിലേക്ക് നടന്നു വരുന്നതായി അവൾക്ക് മനസ്സിലായി.
അതെ, ആ മാന്ത്രിക കണ്ണുകൾ. 
അവനെ തിരിച്ചറിഞ്ഞതും അവളുടെ മുഖത്ത് പ്രണയത്തിൻ്റെ തളിർക്കാറ്റ് തഴുകുന്നപ്പോലെ തോന്നി.
ഹായ് ആഭാ... എന്താണിവിടെ ?

കുറച്ച് പരിഭ്രമത്തോടെയും അതിലേറെ ആകാംക്ഷയോടെയും അവൾ തൻ്റെ കയ്യിലിരുന്ന കറുത്ത കുടയിലേക്ക് വിരലുകൾ അമർത്തി. 
നെഞ്ചിടിപ്പിൻ്റെ താളം കാവ്യ കേൾക്കുമോ എന്ന് ഭയന്നതുപോലെ അവൾ ശ്വാസമടക്കിപ്പിടിച്ചു.

"അത്... ഞാൻ കുട... സിദ്ധുൻ്റെ കുട തിരികെ തരാൻ ..." വാക്കുകൾ പൂർത്തിയാക്കാൻ കഴിയാതെ ആഭ പതറി. 
അവളുടെ കണ്ണുകൾ അവൻ്റെ ആഴമേറിയ, മാന്ത്രികത നിറഞ്ഞ മിഴികളിൽ ഉടക്കിനിന്നു. 

തലേന്നാൾ രാത്രി പെയ്ത മഴയുടെ തണുപ്പും, അവളുടെ ഉള്ളിൽ വിരിഞ്ഞ കവിതകളുടെ ഈണവും ആ കണ്ണുകളിൽ വീണ്ടും തെളിയുന്നതുപോലെ.

"കുട തരാൻ ഇത്ര ധൃതിപിടിച്ച് വരണ്ടായിരുന്നു. ഇന്നും മഴ പെയ്യാൻ സാധ്യതയുണ്ട്."

അവൻ അവളുടെ കണ്ണുകളിലേക്ക് നോക്കി കണ്ണിറുക്കികൊണ്ട് പറഞ്ഞു.

 എന്താ ആഭാ, ഒരു വല്ലായ്മ പോലെ? മുഖമൊക്കെ വല്ലാതെ ചുവന്നിട്ടുണ്ടല്ലോ," 

സിദ്ധു ഒരല്പം അടുത്തുമാറി നിന്നുകൊണ്ട് ചോദിച്ചു. അവൻ്റെ സ്വരത്തിലെ ആർദ്രത അവളുടെ പരിഭ്രമം ഇരട്ടിയാക്കി.

കാവ്യ ഒന്നുച്ചത്തിൽ ചുമച്ചുകൊണ്ട് ആഭയുടെ കൈയിൽ നുള്ളി. "ഇവൾക്ക് ഭയങ്കര തലവേദനയാണത്രേ സിദ്ധൂ. ഒരു ചായ കുടിക്കാൻ കാൻ്റീനിലേക്ക് പോകാമെന്ന് പറഞ്ഞു ഇറങ്ങിയതാ. പക്ഷേ വന്ന വഴി നോക്കിക്കേ! ചായത്തോട്ടം തേടിയാണോ ഇങ്ങോട്ട് വന്നത് എന്ന് എനിക്ക് മനസ്സിലാകുന്നില്ല." കാവ്യ തികഞ്ഞ കുസൃതി ഭാവത്തോടെ ഇരുവരെയും മാറി മാറി നോക്കി.

കാവ്യയുടെ കളിയാക്കൽ കേട്ടതും ആഭയുടെ മുഖത്ത് ചമ്മലും നാണവും കലർന്നൊരു പുഞ്ചിരി വിരിഞ്ഞു. 
അവൾ കാവ്യയെ കണ്ണുരുട്ടി കാണിച്ചുകൊണ്ട് സിദ്ധുവിനോട് പറഞ്ഞു, "അത്... കാൻ്റീനിലേക്ക് കുറുക്കുവഴി ഇതാണെന്ന് വിചാരിച്ചു. വഴി തെറ്റിയതാ..."

സിദ്ധുവിൻ്റെ ചുണ്ടുകളിൽ ആരുമറിയാതെ ഒരു ചെറിയ ചിരി തെളിഞ്ഞു. അവൻ്റെ കണ്ണുകളിലെ തിളക്കം ആഭയുടെ ഉള്ളിലെ ചോദ്യങ്ങൾക്കെല്ലാം മറുപടി നൽകുന്നത് പോലെയായിരുന്നു.
 "വഴി തെറ്റിയതാണെങ്കിലും കറക്റ്റ് സ്ഥലത്താണ് ആഭാ നീ വന്നു നിൽക്കുന്നത്. ഇംഗ്ലീഷ് ഡിപ്പാർട്ട്മെൻ്റിൻ്റെ മുന്നിൽ കവിതകൾക്ക് വഴി തെറ്റാറില്ലല്ലോ..." അവൻ പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു. ആ വാക്കുകളിലെ അർത്ഥം ആഭയ്ക്ക് മാത്രം മനസ്സിലാകുന്ന ഒന്നായിരുന്നു.

"അപ്പോ... ചായ കുടിക്കാൻ ഞാനും വരാം. എനിക്കും അടുത്ത പീരിയഡ് ഫ്രീയാണ്," സിദ്ധു തൻ്റെ കയ്യിലെ നോട്ട്ബുക്ക് മടക്കിക്കൊണ്ട് പറഞ്ഞു.

മുന്നോട്ട് നടക്കാൻ തുടങ്ങിയ അവൻ്റെ പിന്നാലെ പോകുമ്പോൾ ആഭയുടെ മനസ്സിൽ തലേരാത്രിയിലെ ആ തണുത്ത കാറ്റ് വീണ്ടും വീശിയടിച്ചു. അവളുടെ പ്രണയത്തിൻ്റെ തളിർക്കാറ്റ് കാവ്യയും തിരിച്ചറിഞ്ഞു തുടങ്ങിയിരുന്നു.

©നീഷ്മ അനിൽ പി