ആഭാ- A College Love Story- 4
മൂവരും കാന്റീനിലേക്ക് നടക്കുമ്പോൾ കാവ്യ തന്ത്രപൂർവ്വം ഒരല്പം പിന്നിലേക്ക് മാറി നടന്നു. പ്രണയത്തിന്റെ ആദ്യ ചുവടുകൾ വെക്കുന്ന ആ രണ്ടുപേർക്കും അവരുടേതായ ഒരു ലോകം നൽകാൻ അവൾ ആഗ്രഹിച്ചിരുന്നു.
കാന്റീനിലെ കനത്ത തിരക്കിലും അവർക്കായി ഒരു കോണിലെ മേശ കാത്തിരിപ്പുണ്ടായിരുന്നു. ചൂടുള്ള മൂന്ന് ചായയും പരിപ്പുവടയും മേശപ്പുറത്തെത്തി.
"അതേ നിങ്ങൾക്ക് കുറേ കാര്യങ്ങൾ discuss ചെയ്യാൻ ഉണ്ടാവുമെന്ന് അറിയാം ... By the way ഞാൻ ഒരു കട്ടുറുമ്പ് ആവുന്നില്ല. "
തൻ്റെ ചായ ആവുന്ന വേഗത്തിൽ ഊതി കുടിച്ച് കൈയിൽ പരിപ്പുവടയുമായി പുഞ്ചിരിച്ച് കാവ്യ നടന്നു നീങ്ങി.
"ആഭാ... കവിതകൾക്കപ്പുറം, ആ കവിത എഴുതുന്ന മനസ്സിനെ അറിയാനായിരുന്നു എനിക്ക് കൂടുതൽ ആഗ്രഹം," കാവ്യയെ നോക്കി നിൽക്കെ ചായ ഗ്ലാസ് കയ്യിലെടുത്ത് സിദ്ധു പതുക്കെ പറഞ്ഞു. അവന്റെ ശബ്ദം കാന്റീനിലെ ബഹളങ്ങൾക്കിടയിലും ആഭയുടെ കാതുകളിൽ മാത്രം കൃത്യമായി പതിഞ്ഞു.
"സിദ്ധുവിന്... സിദ്ധുവിന് എന്റെ കവിതകളിൽ അത്രയ്ക്ക് എന്ത് പ്രത്യേകതയാ തോന്നിയേ?" ആഭ തന്റെ വിരലുകൾ ചായ ഗ്ലാസിന് ചുറ്റും പിണച്ചുകൊണ്ട് ചോദിച്ചു. അവളുടെ ശബ്ദത്തിൽ ഇപ്പോഴും ആ പഴയ പരിഭ്രമത്തിന്റെ അംശമുണ്ടായിരുന്നു.
സിദ്ധു അവളെ നോക്കി ആഴത്തിൽ ഒന്നു പുഞ്ചിരിച്ചു. "നിന്റെ വരികളിൽ ഒളിച്ചിരിക്കുന്ന ഒരു ഏകാന്തതയുണ്ട്. ആർക്കും പിടികൊടുക്കാത്ത, എന്നാൽ ആരോടൊക്കെയോ എന്തൊക്കെയോ വിളിച്ചുപറയുന്ന ഒരു ഏകാന്തത. ഒരുപക്ഷേ... എന്റെ ഉള്ളിലെ ചിന്തകളുമായി അതിന് എവിടെയോ ഒരു സാമ്യത തോന്നിക്കാണും."
അവൻ പറഞ്ഞു നിർത്തിയപ്പോൾ ആഭയ്ക്ക് തന്റെ ശ്വാസം നിലച്ചുപോകുന്നതുപോലെ തോന്നി. തന്റെ വരികളുടെ ആത്മാവ് ഇത്രത്തോളം തൊട്ടറിഞ്ഞ മറ്റൊരു വ്യക്തി അവൾക്ക് മുന്നിൽ ഉണ്ടായിട്ടില്ല.
പെട്ടെന്ന് കാന്റീന് പുറത്ത് ആകാശം വീണ്ടും ഇരുണ്ടു കൂടി. കാറ്റ് ശക്തമായി വീശാൻ തുടങ്ങി. നിമിഷങ്ങൾക്കകം വലിയ തുള്ളികളായി മഴ പെയ്തിറങ്ങി. കാന്റീന്റെ ആസ്ബറ്റോസ് മേൽക്കൂരയിൽ മഴത്തുള്ളികൾ താളത്തിൽ അടിച്ചുപെയ്യാൻ തുടങ്ങിയപ്പോൾ ക്യാമ്പസ് ഒന്നടങ്കം ആ തണുപ്പിലേക്ക് വഴിമാറി.
"കണ്ടോ, ഞാൻ പറഞ്ഞില്ലേ ഇന്ന് മഴ പെയ്യുമെന്ന്..." സിദ്ധു പുറത്തെ മഴയിലേക്ക് നോക്കി കണ്ണിറുക്കി.
"ഇനിയിപ്പോ ഈ കുട ഞാൻ തിരിച്ചു വാങ്ങില്ല. ഇത് നിന്റെ കയ്യിൽ തന്നെ ഇരിക്കട്ടെ," അവൻ ആഭയുടെ കയ്യിലിരുന്ന കറുത്ത കുടയിലേക്ക് നോക്കി പറഞ്ഞു.
"അതെന്താ? ഇത് സിദ്ധുവിന്റെ കുടയല്ലേ?" ആഭ അത്ഭുതത്തോടെ ചോദിച്ചു.
"അല്ല... ഇത് നിനക്ക് വേണ്ടി മാത്രം വാങ്ങിയതാ. അന്ന് രാവിലെ ബസ്സിൽ വെച്ച് ആ ഒടിഞ്ഞ കുടയുമായി നീ നിൽക്കുന്നത് കണ്ടപ്പോൾ, എന്റെ മനസ്സിൽ ആദ്യം തോന്നിയത് നിനക്കൊരു പുതിയ കുട വാങ്ങി നൽകണമെന്നാണ്. ആ ഒടിഞ്ഞ കുടയിലൂടെ നിന്റെ ഉള്ളിലേക്ക് പെയ്യുന്ന മഴയെ എനിക്ക് തടുക്കണമായിരുന്നു," സിദ്ധുവിന്റെ വാക്കുകളിൽ പ്രണയത്തിന്റെ തീക്ഷ്ണത നിറഞ്ഞുനിന്നു.
അവന്റെ ആ തുറന്നുപറച്ചിൽ ആഭയെ പൂർണ്ണമായും നിശബ്ദയാക്കി. അവളുടെ കണ്ണുകൾ ഈറനണിഞ്ഞു.
"ആഭാ..." സിദ്ധു അവളുടെ മേശപ്പുറത്തിരുന്ന കൈകളിൽ പതുക്കെ തൊട്ടു. ആ സ്പർശനത്തിൽ തലേരാത്രിയിലെ തണുപ്പല്ല, മറിച്ച് പ്രണയത്തിന്റെ ഒരു വല്ലാത്ത ചൂടാണ് അവൾക്ക് അനുഭവപ്പെട്ടത്.
"ഈ മഴക്കാലം നമ്മളുടേതാണ്. ഇനി നിന്റെ കവിതകളിൽ ആ പഴയ ഏകാന്തത ഉണ്ടാകരുത്. അതിന് പകരമായി... നമ്മളുണ്ടാകണം. സമ്മതമാണോ?" അവൻ ആ മാന്ത്രിക കണ്ണുകൾ കൊണ്ട് അവളുടെ ഹൃദയത്തിലേക്ക് നേരിട്ട് നോക്കി ചോദിച്ചു.
ആഭ ഒന്നും മിണ്ടിയില്ല. പക്ഷേ, അവളുടെ കവിളുകളിൽ പടർന്ന ആ കടുംചുവപ്പ് നിറവും, സിദ്ധുവിന്റെ കൈക്കുള്ളിലേക്ക് പതുക്കെ ഒതുങ്ങിച്ചേർന്ന അവളുടെ വിരലുകളും ആ ചോദ്യത്തിനുള്ള ഏറ്റവും മനോഹരമായ മറുപടിയായിരുന്നു.
പുറത്ത് മഴ തിമിർത്തു പെയ്യുകയായിരുന്നു. വരും നാളുകളിൽ ആ കറുത്ത കുടയ്ക്കുള്ളിൽ ഒന്നിച്ച് നടന്നു തീർക്കാനുള്ള പ്രണയത്തിന്റെ ദൂരങ്ങളെക്കുറിച്ച് ഓർത്ത് ആഭയുടെ മനസ്സ് വീണ്ടും കവിതകൾ നെയ്യാൻ തുടങ്ങി. ആ ചാറ്റൽമഴയിൽ തുടങ്ങിയ പ്രണയം, ഇപ്പോൾ അവരിലേക്ക് ഒരു മഹാമാരി പോലെ പെയ്തിറങ്ങുകയായിരുന്നു.
©നീഷ്മ അനിൽ പി