നിള- The Solace
"മനസ്സിനെ വേണ്ടോളം പാകപ്പെടുത്തിയാണ് പിന്നീട് മുന്നോട്ട് ജീവിക്കാൻ തീരുമാനിച്ചത്. "
അവൾ സാരിയുടെ മുന്താണി കൊണ്ട് കണ്ണുനീർത്തുള്ളികളെ തട്ടിതെറിപ്പിച്ച ശേഷം അവനെ നോക്കി.
ആറിതണുത്ത ചായ ഒറ്റവലിക്ക് കുടിച്ച് കൈയിലെ കപ്പ് അവൻ അമർത്തിപിടിച്ചു.
തന്നോടു തന്നെ വല്ലാത്ത അമർഷവും വെറുപ്പും തോന്നി.
ഒരിക്കൽ തൻ്റേതെന്ന് പറഞ്ഞ് ചേർത്തുവെച്ചിരുന്ന, അത്രയും പ്രിയപ്പെട്ട ഒന്നിനെ നഷ്ടപ്പെടുത്തിയതിൻ്റെ കുറ്റബോധത്തിൽ നീറിപുകഞ്ഞിരുന്ന അവൻ്റെ ജീവിതം കൂടുതൽ ഇരുട്ടിലേക്ക് ഉരുണ്ടുപോകുന്നതായി അവന് തോന്നി.
"എൻ്റെ സ്വാർത്ഥതയാണ് എല്ലാത്തിനും കാരണം. ഒരൊറ്റ നിമിഷത്തിൻ്റെ എടുത്തു ചാട്ടത്തിൽ ഞാൻ എല്ലാം നഷ്ടപ്പെടുത്തി."
പറഞ്ഞു തീർക്കുന്നതിനുമുന്നേ അവൾ അവൻ്റെ കൈകൾ തൻ്റെ കൈക്കുള്ളിലേക്ക് ചേർത്തുപിടിച്ച്, ആശ്വസിപ്പിക്കാനെന്നോണം വിരലുകൾ കോർത്തു.
അവന്റെ കണ്ണുകളിൽ തിങ്ങിനിറഞ്ഞ പ്രണയത്തിന്റെ തുള്ളികൾക്ക്, അവളുടെ തകർന്നുപോയ ജീവിതത്തെ തന്നെ പുനർജനിപ്പിക്കാനുള്ള ശക്തിയുണ്ടായിരുന്നു.
"വിപിൻ,നീ അറിഞ്ഞതും എൻ്റെ വീട്ടുക്കാർ പറഞ്ഞതുമായ കാര്യങ്ങൾ എല്ലാം തന്നെ കളവാണ്. എനിക്ക് ഈ ജന്മം ഇനി മറ്റൊരാളുടെ ഭാര്യയായി ജീവിക്കാൻ കഴിയില്ല. നിന്നെ എന്നിൽ നിന്നും അകറ്റാനും, നമ്മൾ ഒരിക്കൽപോലും കാണാതിരിക്കാനും ആണ് അവർ ഇത്രയും ക്രൂരമായ ഒരു നാടകം കളിച്ചതും എന്നെ ഈ ഇരുട്ടിലേക്ക് തള്ളിവിട്ടതും."
എന്ത് പറയണമെന്ന് അറിയാതെ ഞെട്ടലോടെ തരിച്ചു നിന്നിരുന്ന അവന് തൻ്റെ ലോകം ശൂന്യമായത് പോലെ തോന്നി. നിറഞ്ഞുനിന്നിരുന്ന കണ്ണുനീരിന് പോലും താഴേക്ക് ഒഴുകാൻ കഴിയാതെ നിശ്ചമായത് അവൻ അറിഞ്ഞു.
മങ്ങി തുടങ്ങിയ അവൻ്റെ കാഴ്ചയിൽ അവളുടെ മുഖവും, "എൻ്റെ ലോകം നീയാണ്" എന്ന അവൻ്റെ വാക്കും മാത്രമായിരുന്നു.
തന്റെ കണ്ണുകൾ ശക്തിയായി ഇറുക്കിയടച്ചുള്ള അവന്റെ വലിയൊരു ഏങ്ങൽ, ആ നിസ്സഹായതയായി ആ ചുമരുകളിൽ പ്രതിധ്വനിച്ചു.
അവൾ അവനരികിലായി തണുറഞ്ഞ് മരവിച്ച മനസ്സോടെ ചുവരിലേക്ക് ചാരി നിന്നു.
നീണ്ട നിശബ്ദതയ്ക്ക് ശേഷം, കണ്ണീർ തുടച്ചുകൊണ്ട് അവൻ പതുക്കെ എഴുന്നേറ്റു. ആ മുഖത്ത് ഇപ്പോൾ സങ്കടമല്ല, വല്ലാത്തൊരു ഉറപ്പായിരുന്നു പ്രകടമായിരുന്നത്.
"നിളാ, നമ്മൾ നഷ്ടപ്പെടുത്തിയ കാലത്തെ പഴിച്ചുകൊണ്ട് ഇനിയുള്ള കാലം ജീവിച്ചു തീർക്കാൻ എനിക്കാവില്ല. ഈ കണ്ടുമുട്ടൽ വെറും യാദൃശ്ചികമായിട്ടാണെന്നും ഞാൻ വിശ്വസിക്കുന്നില്ല.
എന്തുകൊണ്ട് നീ തനിച്ചായതിന് ശേഷം എന്നെ വിളിച്ചില്ല എന്നതിലും എനിക്ക് ആശ്ചര്യമില്ല."
വിപിൻ അവളുടെ കൈകൾ തൻ്റെ നെഞ്ചിലേക്ക് ചേർത്തുവെച്ചു. ആ ഹൃദയമിടിപ്പിൽ ഒരു ആയുസ്സിൻ്റെ പ്രണയം അലതല്ലുന്നത് അവൾ അറിഞ്ഞു.
"എൻ്റെ ലോകം നീയാണ് നിളാ.
അത് ഏത് ജന്മത്തിലാണെങ്കിലും."
"നിന്നെ ഓർത്ത് ഇനിയും വെന്തരുകാൻ എനിക്കാവില്ല. മറ്റൊരു ജീവിതവും എനിക്കില്ല.
നിനക്ക് സമ്മതമാണെങ്കിൽ ..."
പറഞ്ഞ് തീർക്കുന്നതിനു മുൻപേ അവളുടെ വിരലുകൾ അവന്റെ ചുണ്ടുകളിൽ മൃദുവായി അമർന്നു. വാക്കുകളേക്കാൾ അർത്ഥവത്തായൊരു മൗനം അവിടം നിറഞ്ഞു.
അവൻ്റെ കണ്ണുകളിൽ വിരിഞ്ഞ പ്രകാശത്തിൽ അവൾക്ക് തന്റെ പഴയ ലോകം തിരികെ കിട്ടിയതുപോലെ തോന്നി.
വിപിന്റെ നെഞ്ചോട് ചേർന്ന് അവൾ മെല്ലെ തലയാട്ടി. ആ ഒറ്റ ചലനത്തിൽ അവർക്കിടയിലെ എല്ലാ അകലങ്ങളും അലിഞ്ഞുതീർന്നു.
©നീഷ്മ അനിൽ പി