സ്വന്തമായൊരിടം
സ്വന്തമായൊരിടം
ഞാൻ ഒരുപാട് ആഗ്രഹിച്ച ഒന്നാണത്.
സമാധാനമായി ഒറ്റക്കിരിക്കാൻ ഒരിടം.
ഓർമ്മകൾളെ സ്നേഹിക്കാൻ, ആരും കാണാതെ കടലിൻ തിരപോലെ കരയോടടിച്ച് കരയാൻ, കുഞ്ഞുകുഞ്ഞ് സന്തോഷങ്ങളിൽ പൊട്ടിച്ചിരിക്കാൻ, വെറുതെ ഇരിക്കാൻ, പുറത്തെ കാഴ്ചകൾ ആവോളം നോക്കിയിരിക്കാൻ, മൗനത്തെ നോക്കി കണ്ണിറുക്കൻ, നിശബ്ദതയെ വാരിപ്പുണരാൻ...
അങ്ങനെയൊരിടം...
അത് വീട്ടിലെ ഒരു മുറിയാവാം
മുറ്റത്തെ മരത്തണലിലാവാം
സ്കൂളിലെ ഒരു ഇടമാവാം
കോളേജിലെ വീഥികളിൽ ആവാം
ഓഫീസിലുമാവാം...
എവിടെയാണെങ്കിലും
സ്വന്തമായൊരിടം.
കലപിലകൾ ഇല്ലാത്ത, ആരും ശല്യം ചെയ്യാൻ വരാത്ത, കപടതകൾ ഇല്ലാത്ത, നഷ്ടപെടലുകൾ ഇല്ലാത്ത, പുറം മോടികൾ ഇല്ലാത്ത ഒരിടം.
ഞാൻ മാത്രം... എന്നെയറിയാൻ... എന്നെ പ്രണയിക്കാൻ... എന്റെ ഇഷ്ടങ്ങളെ കുത്തികുറിക്കാൻ... എന്റെ ആഗ്രഹങ്ങളെ പറത്തിവിടാൻ...
ഇന്നും ഞാൻ അതിന് വേണ്ടിയുള്ള തിരച്ചിലിൽ ആണ് എന്നത് മറ്റൊരു പരമാർത്ഥം.
പെണ്ണുങ്ങൾ എന്തിനാ ഒറ്റക്കിരിക്കണേ? ന്താ ഇപ്പോ അതിന്റെ ആവിശ്യം?
സാധാരണ മറുപടി ആയി കിട്ടുന്നത് ഈ ഒരു ചോദ്യമാണ്...
പെണ്ണുങ്ങൾക്ക് എന്താ ഒരിടം പാടില്ലേ??? അവൾക്ക് ഒറ്റക്ക് ഇരുന്നുക്കൂടെ?
ചിന്തകൾ കൊണ്ട് ഭ്രാന്ത് പിടിക്കുന്ന അവസ്ഥകളിൽ, ഉറക്കെ ഒന്ന് ഓളിയിടാൻ, ഉറക്കെ ചിരിക്കാൻ, പൊട്ടിക്കരയാൻ, രഹസ്യങ്ങൾ ഒളിപ്പിച്ച് വെക്കാൻ... ഒരിടം.
ഇങ്ങനെ ഒരിടം ഉള്ളവർ എത്രത്തോളം അതിന് പ്രാധാന്യം കൊടുക്കുന്നുണ്ട് എന്നറിയില്ല. ഇല്ലാത്തവർക്ക് ഇന്നും അതൊരു സ്വപ്നമാണ്.