കേൾക്കാൻ ആളെ കൊടുക്കുന്നുണ്ടോ??

കേൾക്കാൻ ആളെ കൊടുക്കുന്നുണ്ടോ??

"കേൾക്കാൻ ആളെ കൊടുക്കുന്നുണ്ടോ??"

അതെ, വിജയ് സൂപ്പറും പൗർണമിയും എന്ന സിനിമയിൽ  പറയുന്നതുപോലെ "ഇന്നത്തെ കാലത്ത് കേൾക്കാൻ ഒരാളെ കിട്ടുക എന്നത് വളരെ പ്രയാസമേറിയ ഒരു കാര്യമാണ്".


 പണ്ട് സ്കൂളിൽ നിന്ന് തിരിച്ചു വരുമ്പോൾ അമ്മയോട് പറയാനായി ചെറിയ ചെറിയ വിശേഷങ്ങൾ മാറോട് ചേർത്തുപിടിച്ചു ഓടിക്കിതച്ചു വരുമായിരുന്നു. അറിഞ്ഞു കൊണ്ടോ അറിയാതെയോ അമ്മ അതൊന്നും ശ്രദ്ധിക്കുന്നില്ല എന്ന് തോന്നുമ്പോൾ ദേഷ്യവും സങ്കടവും  സഹിക്കാൻ പറ്റാതെ വീടിന് ഏതെങ്കിലും ഒരു മൂലയിൽ മുഖവും വീർപ്പിച്ച് ചെന്ന് ഇരിക്കുക പതിവായിരുന്നു. അങ്ങനെ കാലങ്ങൾ പോയി, എല്ലാം മാറി കൂടെ ഞാനും. ഞാൻ എനിക്കായി ഒരു ലോകം പടുത്തുയർത്തി. അതിൽ കുറേ ഞാനുകൾ... 


അന്നും കേൾക്കാൻ ആരുമില്ലെങ്കിലും പറയാൻ എനിക്ക് ഒരുപാട് ഉണ്ടായിരുന്നു. തരം കിട്ടിയാൽ ഒറ്റയ്ക്ക് സംസാരിക്കുന്ന എന്നെ എനിക്ക് വലിയ ഇഷ്ടമായിരുന്നു. അന്നും ഇന്നും...


ചിലപ്പോൾ അങ്ങനെയാണ് ഒറ്റയ്ക്ക് ആവുന്നതും നല്ലതാണ്... അങ്ങനെയാണ് സ്വന്തം കാര്യങ്ങൾ സ്വയം ചെയ്യുക എന്ന ആശയത്തിലേക്ക് ഞാൻ എത്തിപ്പെട്ടത്. അന്നുമുതൽ ഇന്നുവരെ കേൾക്കാൻ ആരുമില്ല എന്ന് തോന്നുന്നവരുടെ കൂടെയാണ് നിന്നിട്ടുള്ളതും... കാരണം ആ വേദന എത്രമാത്രമുണ്ടെന്ന് എനിക്ക് മനസ്സിലാക്കാം.


 ഒറ്റപ്പെടുന്നു എന്ന തോന്നുമ്പോഴെല്ലാം നമ്മളെക്കാൾ വേദന സഹിക്കുന്നവരുടെ അനുഭവങ്ങൾ എന്നെ ഒരുപാട് ശക്തയാക്കിയിട്ടുണ്ട്. അവരെ ഓർക്കാറുമുണ്ട്. ഇപ്പോൾ അവർ സന്തോഷവതികളായി ഇരിക്കുന്നതിൽ സന്തോഷിക്കാറും ഉണ്ട്....

 

 അതെ, നിന്നെ ശക്തയാക്കുന്നതും മുന്നോട്ടു കൊണ്ടു പോകുന്നതും നീ കടന്നു വന്ന സാഹചര്യങ്ങളും അനുഭവങ്ങളും ആണ്... ഇന്നല്ലെങ്കിൽ നാളെ നിന്റെ സന്തോഷങ്ങളുടെ താക്കോൽ നിന്റെ കയ്യിൽ ആണെന്ന് നീ മനസ്സിലാക്കും.ആ താക്കോലുകൾ നിനക്കായ് പുതിയ ലോകങ്ങൾ തുറന്നു തരും.... ഒരിക്കൽ എല്ലാം മാറും. നിന്നിൽ വിശ്വസിക്കുക.
.
.
.
©️  നീഷ്മ അനിൽ